കണ്ണൂർ: കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കള്ളക്കേസിൽ കുടുക്കി തങ്ങളെ ജയിലിൽ അടയ്ക്കുകയായിരുന്നുവെന്ന് പ്രതികളായവർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്നാണ് യുഡിഎഫ് സർക്കാർ പുതിയ അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണത്തിനു നിർദേശം നൽകിയത്.
മാങ്ങാട്ട്പറമ്പ് കെഎപി ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ അന്വേഷണതലവനായി കണ്ണൂർ എസിപി എം.പി.ആസാദ് അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. യു. പ്രേമന്റെ നേതൃത്വത്തിൽ ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടങ്ങിയത്.
കരിങ്കൊടി പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്രവേശന കവാടത്തിലെയും പ്ലാറ്റ്ഫോമിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. വരും ദിവസങ്ങളിൽ മുൻ മന്ത്രി വീണ ജോർജ്, കരിങ്കൊടി കാണിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരിൽനിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും.
കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിനു ഗുരുതരമായി പരിക്കേറ്റെന്നു കാണിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് കാറിൽ സ്വദേശമായ പത്തനംതിട്ടയിലേക്കു മടങ്ങിയ സംഭവം ഏറെ വിവാദമായിരുന്നു.